Description
മോഹിപ്പിച്ചു കൊണ്ടും, വേദനിപ്പിച്ചുകൊണ്ടും, രമിപ്പിച്ചുകൊണ്ടും, കാവ്യദലങ്ങളെ ഇളംകാറ്റിന്റെ സംഗീതത്താൽ മർമ്മരം പൊഴിപ്പിച്ചുകൊണ്ടും വായനക്കാരിൽ അനുഭൂതികൾ തീർക്കുകയാണ് പ്രവാസി യുവഎഴുത്തുകാരൻ റ്റോജോമോൻ ജോസഫ് മരിയാപുരത്തിന്റെ മുപ്പത്തിയാറ് കവിതകൾ അടങ്ങിയ “കാവ്യദലമർമ്മരങ്ങൾ” എന്ന കവിതാസമാഹാരം.
ഓരോ കാലഘട്ടത്തിന്റേയും തേങ്ങലുകളും, പ്രതിഷേധങ്ങളും, ഗർജ്ജനങ്ങളും, അഭിനിവേശങ്ങളും കവിതകളിൽ പ്രതിഫലിച്ചു കാണാം. വരമായൊരു മരം, പുഴയുടെ നൊമ്പരം തുടങ്ങിയ കവിതകളിൽ പ്രകൃതിയും, പ്രകൃതിയെ കുറിച്ചുള്ള നിരാശാബോധവും ഒരുപോലെ നിഴലിച്ചു നിൽക്കുന്നു. സമകാലിക സംഭവങ്ങളുടേയും, പ്രതിഷേധത്തിന്റേയും കുത്തൊഴുക്ക് പല കവിതകളിലും ദൃശ്യമാകുന്നു.
സംഗീതാത്മകതാളബോധത്തോടെ ഈണമിട്ടു ചൊല്ലാൻ പറ്റുന്ന കവിതകളും, ആധുനിക ഗദ്യ കവിതകളും കൊണ്ടു സമ്പുഷ്ടമാണ് കാവ്യദലമർമ്മങ്ങൾ.
സാർവത്രികവും കാലികപ്രസക്തവുമായ വിഷയങ്ങളെ കാവ്യാനുഭവങ്ങളിലൂടെ, വർണ്ണനകളുടെ രചനാസൗകുമാര്യത്തിലൂടെ, വാങ്ങ്മയചിത്രത്തിലൂടെ വരച്ചു കാണിക്കുന്നു കവി തന്റെ ഈ കവിതകളിൽ. മനസ്സിന്റെ കൂട്ടിൽ വിരിയിച്ചെടുത്ത മൊഴിദലങ്ങളെ പൂർണ്ണമായും അടുത്തറിയണമെങ്കിൽ ഈ കവിതാസമാഹാരത്തെ ഹൃദയത്തോടു ചേർക്കുക തന്നെ വേണം. തന്റെ ആദ്യ കവിതാസമാഹാരത്തിലൂടെ തന്നെ കാവ്യലോകത്തിനു, മലയാളഭാഷയ്ക്കു കാവ്യാർച്ചന നടത്തുകയാണ് ഈ യുവകവി




