പ്രവാസിക്കൊരു പ്രണയലേഖനം|റീന ജോൺസൺ|ഇസ്രായേൽ

ഇക്കഴിഞ്ഞ Valentine’s day ക്ക് സമസ്യ ഒരുക്കിയ പ്രവാസിക്കൊരു പ്രണയലേഖനം എന്ന മത്സരത്തിൽ ഞാൻ വിജയി ആയി തെരഞ്ഞെടുക്കപ്പെട്ടു എന്ന സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു. നന്ദി എന്റെ ഇഷ്ടങ്ങളെ നെഞ്ചോട് ചേർക്കുന്ന കുടുംബത്തിന് , പ്രോത്സാഹിപ്പിക്കുന്ന Sunitha Sasi ടീച്ചർക്ക്, എഴുതാനുള്ള positive energy തരുന്ന മുഖപുസ്തകത്തിലെ എന്റെ കൂട്ടുകാർക്ക് .

നിങ്ങൾക്കും വായിക്കാനായി ഇവിടെ ഞാനത് ചേർക്കുന്നു .

പ്രിയപ്പെട്ട ജോ ,
പ്രണയ ദിനത്തിൽ നിനക്കായ്‌ ഒരു കത്തെഴുതുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. ഇത് നിനക്കുള്ള മൂന്നാമത്തെ പ്രണയ ദിന കത്താണ്. ഒരു പ്രവാസി മറ്റൊരു പ്രവസിക്കായ് എഴുതുന്ന കത്ത് എന്ന് വേണമെങ്കിൽ പറയാം.

മൂന്ന് ദിവസമായി ഇവിടെ മഴയാണ്. രാത്രികളിൽ മുഴുവൻ മഴപ്പെയ്ത്തിന്റെ സുഖമുള്ള താളം. കുന്നിന്മുകളിലെ എന്റെ കാഴ്ചകൾ മറച്ചുകൊണ്ട് വീണ്ടും മഴ തകർത്തു പെയ്യുകയാണ്. ഇന്നത്തെ എന്റെ അവധി ദിവസത്തിൽ ചെയ്തു തീർക്കാൻ മാറ്റിവെച്ചിരുന്ന ഒരുപാട് കാര്യങ്ങളുണ്ട് പക്ഷേ എനിയ്ക്കിന്ന് കൊതിതീരാതെയിങ്ങനെ പെയ്ത് ചിതറുന്ന മഴയെ നോക്കിയിരിക്കാനാണിഷ്‌ടം.

തൂവാനമേറ്റ് കുളിർന്ന് മൂന്നാം നിലയിലെ എന്റെ മുറിയുടെ വാതായനത്തിലൂടെ നോക്കിയിരിക്കുമ്പോൾ എനിക്ക് തണുത്ത് വിറച്ചു നിൽക്കുന്ന ആ വലിയ ഓക്ക് മരത്തെയും കാണാം.

ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ചുവന്ന ഇലകളുള്ള നിറയെ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന കിളികളുള്ള ഓക്കുമരത്തെക്കുറിച്ച്. അത് പൂത്തുലഞ്ഞ് നിന്നിരുന്നപ്പോഴൊക്കെയും അതിൽ ചേക്കേറിയിരുന്ന പക്ഷികൾ ഉണ്ടാക്കുന്ന ബഹളങ്ങൾ എന്നിൽ വല്ലാത്തൊരു അനുഭൂതി ഉണർത്തിയിരുന്നു. അവയുടെ ചിറകടിയൊച്ചകളും കളിയും ചിരിയും അടിപിടിയും കൊക്കുരുമ്മലുകളും കൂട് കൂട്ടലുമൊക്കെ എത്രയോ വട്ടം ഞാനെന്റെ ക്യാമറയിൽ പകർത്തി നിനക്ക് അയച്ചുതന്നിരിക്കുന്നു. അതൊക്കെ കണ്ടുകൊണ്ട് എന്നെ ശുണ്ഠി പിടിപ്പിക്കാൻ നീ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചത് ഓർക്കുന്നുണ്ടോ ? ‘നിനക്കവിടെ രോഗീപരിചരണം ആണോ അതോ പക്ഷിനിരീക്ഷണം ആണോ ‘ എന്ന്. ഒരു പ്രവാസിയായ എനിക്ക് കിട്ടുന്ന ഒഴിവുസമയങ്ങളിൽ ഇതൊക്കെയല്ലേ ജോ ഒരു രസം.

വീശിയടിക്കുന്ന കാറ്റിന്റെ താളത്തിൽ ഓക്കുമരമങ്ങനെ സന്തോഷത്താൽ മതിമറന്ന് ആടിത്തിമിർക്കുമ്പോൾ എനിക്ക് കാറ്റ് അതിന്റെ ഇലകളിൽ എഴുതുന്ന പ്രണയ ഭാഷ്യങ്ങളുടെ ഉള്ളടക്കം തിരയാൻ തോന്നും.

ഇക്കഴിഞ്ഞ ഇലപൊഴിയും കാലങ്ങൾ വരെയും ഹിമപ്പെയ്ത്തുകൾക്കിടയിലൂടെ ഞാനാവഴി കടന്നുപോവുമ്പോഴെല്ലാം ശൂന്യമായ ഓക്കുമരത്തെ നോക്കി അതിൽ ചേക്കേറിയിരുന്ന പക്ഷികളെക്കുറിച്ചാണ് ചിന്തിച്ചിരുന്നത് . ഇത്രയും തണുപ്പത്ത് അവയൊക്കെയും എവിടേയ്ക്കാവും പോയിട്ടുണ്ടാവുക ? എവിടെയെങ്കിലും അവറ്റകൾ ഇടം കണ്ടെത്തിയിട്ടുണ്ടാവുമോ? നീ പറയുംപോലെ എന്റെ ഓരോ തരം വട്ട് അല്ലേ ജോ.

എനിക്ക് തോന്നുന്നത് ഇത് ഈ വർഷത്തെ ഏറ്റവും നീണ്ട മഴയായിരിക്കുമെന്നാണ്. ഓരോ മഴയ്ക്കും പറയാനുണ്ടാവും ഒരായിരം പ്രണയകഥകൾ പിന്നെ മഴപ്പെയ്ത്ത് നോക്കിനിന്ന് നഷ്ടപ്പെട്ടുപോയ പ്രണയത്തെ ഓർമ്മകളാൽ തിരികെ കൂട്ടിക്കൊണ്ടുവരുന്നവരുടെ കഥകൾ.

പക്ഷേ ഓരോ മഴയും എന്നിൽ ബാക്കിവെച്ച് പോകുന്നത് നിന്നെയാണ് ജോ. നമ്മുടെ കഴിഞ്ഞ വെക്കേഷനിൽ നിന്റെ വല്യമ്മയെ കാണാൻ പോയിട്ട് തിരികെയിറങ്ങാൻ ഒരുങ്ങുമ്പോൾ പെയ്ത ആ രാത്രിമഴ ഓർക്കണുണ്ടോ നീ ? മണിക്കൂറുകളോളം നീണ്ട മഴ. അന്ന് രാത്രിയിൽ മഴ തോരാൻ വേണ്ടി നമ്മൾ വല്യമ്മ ഇട്ടുതന്ന കട്ടൻ കാപ്പിയും കുടിച്ച് അവരുടെ പഴംപുരാണങ്ങളും കേട്ട് ഇരുന്നത്. ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്ത് വല്യമ്മ അവരുടെ കൗമാരകാല വിശേഷങ്ങൾ പറയുമ്പോൾ അവരുടെ മുഖത്ത് മിന്നിമറയുന്ന സന്തോഷഭാവങ്ങൾ കൗതുകത്തോടെ നോക്കിയിരുന്നത് .

ഒടുവിൽ മഴയെ തോൽപ്പിക്കാൻ വേണ്ടി വല്യമ്മയുടെ കൈയിൽനിന്നും പ്ലാസ്റ്റിക് കവർ വാങ്ങി ‘അല്ലെങ്കിൽ നീ പനിച്ചുകിടക്കും’ എന്നും പറഞ്ഞ് തല മൂടിക്കെട്ടിവെച്ച് തന്ന് എന്റെ കൈയും പിടിച്ച് മഴയിലേക്കിറങ്ങിയത്. ആ യാത്രയിൽ ബൈക്കിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ ഇരുകൈകകളും കൊണ്ട് ചുറ്റിപ്പിടിച്ചിരുന്നു എന്നിട്ടും നീ പറഞ്ഞു ഒന്നുകൂടി മുറുക്കെ , മുറുക്കെ കെട്ടിപ്പിടിച്ചിരിക്കാൻ.

ഇരുട്ടിനെ വകഞ്ഞുമാറ്റി നീ വണ്ടിയോടിക്കുമ്പോൾ നിന്നെ ചുറ്റിവരിഞ്ഞ് നിന്നോട് ചേർന്നൊട്ടിക്കൊണ്ട ആ രാത്രിമഴയ്ക്ക് ഒരിക്കലും കണ്ടിട്ടില്ലാത്തത്രമേൽ ഭംഗിയായിരുന്നു. പൊടുന്നനെ ഉണ്ടായ ഇടിമിന്നലിനൊപ്പം തെരുവ് വിളക്കുകൾ കെട്ടുപോയപ്പോൾ വീശിയടിച്ച കാറ്റിനും അത്രമേൽ സുഗന്ധമായിരുന്നു.

നീ എത്ര പതുക്കെയാണ് വണ്ടിയോടിച്ചത്. ആ യാത്ര അവസാനിപ്പിക്കാൻ ഇഷ്ടമില്ലാത്തത്ര പതുക്കെ. ഒരുപാട് കാര്യങ്ങൾ ചിരിച്ചുകൊണ്ട് മഴയൊച്ചയേക്കാൾ ഉറക്കെ നീ പറയുന്നുണ്ടായിരുന്നു. നീ വളരെ സന്തോഷത്തിലായിരുന്നു , ഞാനും . നിന്നോടൊപ്പം ആസ്വദിച്ചു ചെയ്ത യാത്രയായിരുന്നു അത്.

ആകെ നനഞ്ഞ് തണുത്ത് വിറച്ച് വീട്ടിലെത്തി വീണ്ടും മഴയിൽ കുളിച്ച് തുവർത്തുന്നതിനിടയിൽ നീ പറയുന്നുണ്ടായിരുന്നു , മഴയിൽ ബൈക്കിലിങ്ങനെ യാത്ര ചെയ്യാൻ നല്ല രാസമാണെന്ന് . ഒരു ചെറുനാണത്തോടെ ഞാൻ അതെയെന്ന് തലയാട്ടി.

അവധി കഴിഞ്ഞ് നമ്മൾ രണ്ടാളും രണ്ട് രാജ്യങ്ങളിലേക്ക് പോയി. പക്ഷേ പിന്നീട് പെയ്ത ഓരോ മഴയിലും ഈ വാതായനത്തിലൂടെ നോക്കി അന്നത്തെ ആ നനുത്ത രാത്രിമഴയെയും നമ്മളെയും ഞാൻ കാണും.

നാട്ടിലേക്ക് പോകാനായി വീണ്ടും നമുക്കൊരുമിച്ചു കിട്ടുന്ന അവധിക്കായി അവിടെ നീയും ഇവിടെ ഞാനും ദിവസങ്ങളെണ്ണിയിരിക്കുമ്പോൾ, അങ്ങ് നാട്ടിൽ നമുക്കായൊരു രാത്രിമഴ പെയ്യാതെ കാത്തിരിക്കുന്നുണ്ടാവും. അല്ലേ ജോ ?

നിനക്കെന്റെ പ്രണയദിനാശംസകൾ.
എന്ന് നിന്റെ സ്വന്തം …..