ഡാർക്ക് റൂട്ട്സ്
Suspense Thriller Novel by Susamasya Editorial Team
പണ്ടൊക്കെ നാം പ്രോഡക്ടസ് എന്ന് വിളിച്ചിരുന്നത് പല തരത്തിലുള്ള നിത്യോപയോഗ സാധനങ്ങളെയായിരുന്നു എങ്കിൽ ഇന്ന് പല കച്ചവടങ്ങളുടെയും പ്രൊഡക്ടുകൾ നമ്മൾ തന്നെയാണ്. നമ്മുടെ ഐഡന്റിറ്റികളും, പ്രൈവറ്റ് ഡാറ്റയും, എന്തിനേറെ പറയുന്നു, എന്ത് സംസാരിക്കുന്നു എന്ത് ചിന്തിക്കുന്നു, എവിടെയൊക്കെ സഞ്ചരിക്കുന്നു എന്ന വിവരങ്ങൾ പോലും നാം പോലുമറിയാതെ വിറ്റു കൊണ്ടിരിക്കുന്ന ഭീമാകാരന്മാരായ കച്ചവട മാഫിയകളുടെ ഈ കാലത്ത് വളരെ പ്രസക്തമായി ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു വിഷയമാണ് ഈ ഒരു നോവലിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്. ഉദ്വേഗജനകമായ ഒരു സസ്പെൻസ് ത്രില്ലർ എന്നതിലുപരി ഈ വിഷയത്തിൽ ജനങ്ങൾ ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊരു സന്ദേശം കൂടി ഈ ബൂക്കിലൂടെ ഞങ്ങൾ മുന്നോട്ട് വയ്ക്കുകയാണ്.
ജീവിത ചുറ്റുപാടുകളും, പരിസര മലിനീകരണങ്ങളും, ജീവിത ശൈലികളുമൊക്കെ രൂപാന്തരപ്പെടുത്തിയ ഇന്നത്തെ ലോകത്തിൽ വിരുന്നുകാരായി ഒട്ടേറെ രോഗങ്ങളുമെത്തിയിരിക്കുന്നു. അത്തരം രോഗങ്ങളെ ചികിൽസിക്കുവാൻ ആശുപത്രികളിൽ ആവശ്യമായി വരുന്നതോ, ഭീമാകാരമായ തുകകളും. കുടുംബത്തിലെ ഒരാൾക്ക് ഒരു മാറാവ്യാധി വന്നാൽ ഒരു സാധാരണ കുടുംബം നിലം പരിശാകുന്ന അവസ്ഥയാണ് നാമിന്നു കാണുന്നത്. നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ഇത്തരം രോഗങ്ങളാൽ വലയുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അവരെ സഹായിക്കുക എന്നത് ഒരിക്കലും ഒരു ഔദാര്യമല്ല മറിച്ച് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. പ്രതികരണശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ആരോരുമില്ലാത്തവർക്കായി മുന്നിട്ടിറങ്ങുന്നവർ റിയൽ ലൈഫ് ഹീറോസ് തന്നെയാണ്. ഒരു സംശയവുമില്ല.
മറിച്ച് ആ നന്മയുടെ മറവിൽ വാണിജ്യങ്ങളുടെ ഇരുണ്ട വേരുകൾ വളർന്നാലോ? അത്തരം ഇരുണ്ട വേരുകൾ നിയമസഹായത്തോടെ നാം ഉന്മൂലനം ചെയ്യേണ്ടതും അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാതെ സഹായം ആവശ്യമുള്ളവർക്ക് പോലും തിരിച്ചടികൾ നേരിട്ടേക്കാം.
ഒരു പുസ്തകം എഴുതുക പ്രസിദ്ധീകരിക്കുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ലാത്ത ഈ വർത്തമാനകാലത്തിൽ ഒരെഴുത്തുകാരൻ സമൂഹത്തിൽ നിന്നും വായിച്ചറിഞ്ഞതിനെ എഴുത്തിലേക്ക് ആവാഹിക്കുക എന്നുള്ളതും അത്ര മഹത്തരമായി വിളിച്ചോതേണ്ടതില്ല. എന്നാൽ സമൂഹത്തിൽ നടമാടുന്ന ആരും പറയാത്ത വിഷയങ്ങളെ
അന്വേഷിച്ചു കണ്ടെത്തി ഒരു നന്മയുടെ മറവിൽ നടക്കുന്ന കറുത്ത കൈകളെ സമൂഹത്തിന്റെ മുൻപിലേക്ക് കൊണ്ട് വരുന്ന തരത്തിൽ ഉള്ള എഴുത്തുകൾ എന്നും നിലനിൽക്കേണ്ടത് മനുഷ്യവംശത്തിന്റെ ആവശ്യകതയാണ് . അത്തരം ഒരാവശ്യകതയാണ് ഞങ്ങൾ ഇവിടെ പുസ്തകമാക്കുന്നത് .
അഷ്ടദിക് പാലകരെപ്പോലെ എട്ടു ദിക്കിലും കണ്ണ് തുറന്നു നിൽക്കുന്ന ഈ എട്ട് യു എ ഇ പ്രവാസികളുടെ ഈ പുസ്തകത്തിലേക്കുള്ള യാത്ര തികച്ചും വിചിത്രമായിരുന്നു
പ്രവാസികളായ സുഹൃത്തുക്കൾ ഈ ഒരു ഉദ്യമത്തിന് തിരിഞ്ഞത് തന്നെ വളരെ അവിചാരിതമായിട്ടായിരുന്നു. സമൂഹത്തിൽ ഇന്ന് നടമാടുന്ന, മുൻപ് കേട്ട് കേൾവി പോലുമില്ലാതിരുന്ന അനീതികളെക്കുറിച്ച് സൗഹൃദ സംഭാഷണങ്ങളിൽ ഒരാൾ പങ്കു വച്ചതാണ് ചിന്തകൾക്ക് തുടക്കമിട്ടത്. ‘Thoughts become things’ എന്ന് പറയും പോലെ സമൂഹത്തിനു തന്നാലാകുന്ന നന്മകൾ ചെയ്യണമെന്ന് ഒരേ പോലെ ചിന്തിക്കുന്ന ആ എട്ടു മനസുകളുടെ സാമൂഹിക പ്രതിബദ്ധത പിന്നീടുള്ള ചർച്ചകളിലൂടെ ഒരു നോവൽ രൂപത്തിൽ പരിണാമപ്പെട്ടു എന്ന് വേണം പറയാൻ. അനുഭവങ്ങളല്ലാത്തതെല്ലാം കെട്ടുകഥകൾ ആയി കാണുന്ന നമ്മുടെ പഴയ രീതികൾ തിരസ്കരിച്ചുകൊണ്ട് , ഇന്നലെ ഇതൊരാൾക്ക് സംഭവിച്ചുവെങ്കിൽ നാളെ എന്നെയോ എൻ്റെ കുടുംബത്തെയോ ബാധിച്ചാലോ എന്ന ചിന്തയിൽ വായിക്കേണ്ട ഒരു നോവലാണിത്. പണമോ, സ്വാധീനമോ ഇല്ലാത്തവർക്കും ഈ നാട്ടിൽ സ്വസ്ഥമായി, ആശങ്കകളില്ലാതെ ജീവിക്കണമെങ്കിൽ ഇത്തരം വിഷയങ്ങൾ നാം സംസാരിച്ചേ മതിയാകൂ

പല സാഹചര്യങ്ങളിൽ, പല ചുറ്റുപാടുകളിൽ, പല കടമകളിൽ, കാലമെന്ന നദിയിലൂടെ നാം ഒഴുകുമ്പോഴും കൂടെയുള്ളവരെയും കൂടി ഒന്നെത്തി നോക്കണമെന്നും പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കേണമെന്നും ഈ ഒരു സൗഹൃദക്കൂട്ടം തങ്ങളുടെ എളിയ പ്രവർത്തിയിലൂടെ കാണിച്ചു തരികയാണ്. അങ്ങനെ, ഡാർക്ക് റൂട്ട്സ് തേടിയുള്ള വിദഗ്‌ധനായ ഒരു കുറ്റാന്വേഷകന്റെ യാത്രയായി ഈ നോവൽ സമൂഹത്തിന്റെ മുന്നിലേക്ക് സമർപ്പിക്കുകയാണ്.











