Balkkanikkazhchakal

150.00

Description

 

കഥ പറച്ചിലിന് പലആഖ്യാന രീതികളുണ്ട്. വായനക്കാരന്റെ ഭാവനകളെ ഉത്തുംഗശൃംഗത്തിൽ എത്തിക്കുന്നസാഹിത്യത്തിന്റെ അതിപ്രസരം നിറഞ്ഞ കഥകൾ. വായനക്കാരെ മുൾമുനയിൽ നിർത്തുന്ന അതിഭാവുകത്വം നിറഞ്ഞ കഥകൾ. തെളിനീരുറവ പോലെ ഏതൊരാൾക്കും വായിച്ചു മനസ്സിലാക്കാൻ സാധിക്കുന്ന കഥകൾ… മഞ്ജുവിന്റെ കഥകൾ ഏതൊരാൾക്കും വായിച്ചാൽ മനസ്സിലാകുന്ന നേർക്ക് നേർ കാര്യങ്ങൾ പറഞ്ഞു പോകുന്ന വിധത്തിലുള്ള ലളിതമായ കഥകളാണ്.

നാം വളർന്ന കാലഘട്ടം, ജീവിക്കുന്ന സാഹചര്യങ്ങൾ, അനുഭവങ്ങൾ ഇവയെല്ലാം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. നമ്മുടെ അനുഭവങ്ങൾ നാം കാണുന്ന കാഴ്ചകൾ ഇവയെല്ലാം പല രീതിയിലായിരിക്കുംമനസ്സിൽ പതിയുന്നത്. എന്നാൽ നമുക്ക് ചുറ്റും കാണുന്ന ഓരോ ചെറിയ സംഗതികളും നന്നായി നിരീക്ഷണം ചെയ്ത് കഥാരൂപത്തിലാക്കി മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുന്നത് ഒരു പ്രത്യേക കഴിവാണ്. മഞ്ജുവിന് ആ കഴിവ് വേണ്ടുവോളം ഉണ്ടെന്ന് ഇതിലെ ഓരോ കഥകളും തെളിയിക്കുന്നു.
സ്വന്തം ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ചുറ്റും നടക്കുന്ന കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നത് എനിക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. അങ്ങനെ കാണുന്ന കാഴ്ചകൾ, ജീവിതത്തിന്റെ പല മുഖങ്ങളും ഭാവങ്ങളും നമ്മെ ഇതുവരെ കാണാത്ത പല മേച്ചിൽ പുറങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകും. അങ്ങനെയുള്ള അനുഭവമാണ് ബാൽക്കണിക്കാഴ്ചകൾ എന്ന ഈ കഥാസമാഹാരത്തിന്റെ വായനയിൽ നിന്ന് നമുക്ക് ലഭിക്കുന്നത്.

ഇതിലെ 10 കഥകളും ഞാൻ ഒറ്റയിരിപ്പിൽ തന്നെ വായിച്ചുതീർത്തു. പ്രവാസ ഭൂമിയിൽ ഏറെക്കാലമായി ജീവിക്കുന്ന കഥാകാരി ഈ സൈകത ഭൂമിയോടുള്ള ആത്മബന്ധം കൊണ്ടായിരിക്കും, തന്റെ ആദ്യ കഥാസമാഹാരത്തിന് തുടക്കം കുറിച്ചിരിക്കുന്നത് ഈ മരുഭൂമിയിലെ ബാൽക്കണി കാഴ്ചകളിലൂടെയാണ്.
ആദ്യ കഥയായ ‘ഇഹപരം’ എന്ന കഥയിലെ കഥാപാത്രങ്ങളും കാഴ്ചകളും എല്ലാം ഇത് ഞാൻ എന്റെ ബാൽക്കണിയിൽ നിന്ന് സ്ഥിരം കാണുന്ന കാഴ്ചകൾ ആണല്ലോ…. കഥാകാരി എന്റെ ബാൽക്കണിയിൽ നിന്ന് വന്നിരുന്നാണോ ഇത് എഴുതിയത് എന്ന് വായനക്കാരിൽ പലർക്കും ഒരു സാമ്യത തോന്നും. നമുക്ക് പരിചിതമായ ഒരുപാട് മുഖങ്ങൾ ഇതിൽ നമുക്ക് കാണാനാവും. പക്ഷേ ആ കാഴ്ചയ്ക്ക് പിന്നിലുള്ള കദനകഥ ഹൃദയഭാരത്തോടെയല്ലാതെ നമുക്ക് വായിച്ചു തീർക്കാൻ ആവില്ല. നിഷ്കളങ്കരായ പെൺകുട്ടികൾക്ക് എന്തേ ഇങ്ങനെയുള്ള അനുഭവങ്ങൾ എന്ന ഒരു ചോദ്യം നമ്മുടെ ഉള്ളിൽ ഉണർത്തി കൊണ്ടാണ് ഈ കഥ അവസാനിക്കുന്നത്.
തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്നത് ആരാണെന്ന് പോലും അറിയാത്ത തിരക്ക് പിടിച്ച ഇന്നത്തെ ജീവിതത്തിൽ ‘കുഞ്ഞുസാറ’ എന്ന കഥ മനസ്സിൽ ഒരു തണുപ്പ് പടർത്തും. കഥാനായികയുടെ പരിസരവീക്ഷണവും കരുണവറ്റാത്ത മനസ്സും ഒരു ജീവൻ തന്നെയാണ് രക്ഷിക്കുന്നത്. നല്ലൊരു അയൽക്കാരാവുക ഇല്ലെങ്കിൽ നല്ല അയൽക്കാരെ ലഭിക്കുക എന്നതൊക്കെ ഒരു ഭാഗ്യം തന്നെയാണ്.
‘ഗ്രോസറികൊട്ടയിലെ പ്രണയലേഖനങ്ങൾ’ പേരുപോലെതന്നെ മനോഹരമായ ഒരു കഥ. പ്രണയം പൂവിടുന്ന നിമിഷങ്ങൾ വഴികൾ വ്യത്യസ്തമാണല്ലോ. ആ പ്രണയസഫല്യമാണ് എന്നെ ഏറെ ആകർഷിച്ചത്. ബാഹ്യ സൗന്ദര്യത്തേക്കാൾ ആന്തരിക സൗന്ദര്യത്തിന് പ്രാധാന്യം നൽകുമ്പോഴാണ് പ്രണയം കൂടുതൽ മനോഹരമാകുന്നതും സാഫല്യമടയുന്നതും എന്ന് തെളിയിക്കുന്ന ഈ കഥ വായിച്ചു കഴിയുമ്പോൾ, സന്ധ്യയുടെയും ശ്യാമിന്റെയും പ്രണയം ജീവിതം മുഴുവൻ നീണ്ടുനിൽക്കണമേയെന്ന് നമ്മുടെ ഉള്ളിലും ഒരു പ്രാർത്ഥനയുണരും.
‘സ്വാതന്ത്ര്യത്തിന്റെ ബാൽക്കണി’ എന്ന കഥ വായിച്ചപ്പോൾ,
ഇറാഖ് കുവൈറ്റ് യുദ്ധത്തിന്റെ ഓർമകൾ മനസ്സിലേക്ക് ഓടിയെത്തി. ആ നാളുകളിൽ ദുബൈയിൽ താമസിച്ചിരുന്ന ഞങ്ങളും യുദ്ധത്തിന്റെ കെടുതികൾ ബാധിക്കുമോ എന്ന ആശങ്കയിൽ കഴിഞ്ഞിരുന്നതെല്ലാം വീണ്ടും ഓർമ വന്നു. ആ യുദ്ധകാലത്ത് കുവൈറ്റിലെ മലയാളി നേഴ്സുമാരുടെ സേവനങ്ങൾ എടുത്തു പറയേണ്ടത് തന്നെയാണ്. ആ കാലത്തിന്റെ ഒരു നേർക്കാഴ്ച തന്നെയാണ് ഈ കഥ.

നമുക്ക് ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടപ്പാടുകളൊക്കെ ദൈവത്തിന്റെ പരീക്ഷണങ്ങൾ ആണെന്നും നാം വിചാരിക്കുന്നതിനേക്കാൾ സഹനശക്തി നമ്മുടെ മനസ്സിലുണ്ടെന്നുമുള്ള ഒരു പോസിറ്റീവ് സന്ദേശം തരുന്ന കഥയാണ് ‘ അമ്മയ്ക്കൊരുമ്മ’.
ഈശോപ്പച്ചന്റെ അടുത്ത് സസുഖം വാഴുന്ന കുഞ്ഞിന്റെയും കുഞ്ഞോന്റെയും വിശേഷങ്ങൾ അമ്മ സൂസനെ മാലാഖമാർ വശം കത്തിലൂടെ അറിയിക്കുന്നത് വായിക്കാൻ ഒരു പ്രത്യേക സുഖം തോന്നി. കുഞ്ഞുങ്ങളുടെ നിഷ്കളങ്കത അമ്മയ്ക്കൊരുമ്മ എന്ന ഈ കഥയിലുടനീളം നമുക്ക് അനുഭവപ്പെടും.
കേരളത്തിലെ ജനതയെ പിടിച്ചു കുലുക്കിയ പല സാമൂഹിക പ്രശ്നങ്ങളും ‘പതിനാലാംനിലയിലെ ഫ്ലാറ്റ് ‘ എന്ന കഥയിൽ മനസ്സിനെ സ്പർശിക്കുന്ന വിധത്തിൽ കഥാകാരി വിവരിച്ചിട്ടുണ്ട്. പ്രളയം, അനിധികൃത ഫ്ലാറ്റ് സമുച്ചയങ്ങളുടെ പൊളിച്ചു നീക്കൽ, ഭൂമാഫിയയുടെ സ്വാർത്ഥ താല്പര്യങ്ങൾ തുടങ്ങിയ സാധാരണക്കാരുടെ പ്രശ്നങ്ങൾ നമുക്ക് ഈ കഥയിൽ കാണാം.

കൺമുമ്പിൽ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ കുറെ ജീവിതങ്ങളുടെ കഥകളാണ് മഞ്ജു തന്റെ കന്നി പുസ്തകത്തിലൂടെ നമുക്ക് മുമ്പിൽ എത്തിച്ചിരിക്കുന്നത്. എഴുത്തിൽ പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും വായന സുഖം ഏറെ നൽകുന്ന ഒരു എഴുത്താണ് ഈ എഴുത്തുകാരിയുടേത്. കഥാവഴികളിൽ ഇനിയും ഏറെ ദൂരം സഞ്ചരിച്ച് മലയാള സാഹിത്യത്തിന് മുതൽക്കൂട്ടാവുന്ന പുതിയ തലങ്ങളിലുള്ള ധാരാളം പുസ്തകങ്ങൾ ഈ തൂലികയിൽ നിന്ന് പിറക്കട്ടെ എന്ന് ആശംസിക്കുന്നു.

സജ്‌ന അബ്ദുള്ള

Additional information

Weight 0.11 kg
Dimensions 14.5 × .05 × 21.5 cm