Description
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ….ആദ്യ പുസ്തകം ( കഥാസമാഹാരം )
ചില എഴുത്തുകൾ നമ്മെ അൽഭുതപ്പെടുത്താറുണ്ട്…
തിരക്കുപിടിച്ചോടുന്ന ജീവിതത്തിന് സ്വാസ്ഥ്യം നൽകാൻ വായനയെ കൂട്ടുപിടിക്കുന്ന സ്വഭാവം പണ്ടേയുള്ളതാണ്. അതുകൊണ്ടു തന്നെ അവിചാരിതമായി ചില എഴുത്തുകൾ തേടി വരാറുണ്ട്. ചിലവ സ്വാഭാവികമായും മറ്റ് ചിലത് പരപ്രേരണയാലും.
അങ്ങനെ സമ്മർദ്ദരൂപത്തിൽ മുന്നിലേക്കെത്തിയ ചെറുകഥകളുടെ സമാഹാരമാണ് അന്നാകവിയുടെ ‘അയാൾ,
തന്റെ പുസ്തകത്തിന് ഞാൻ അവതാരികയെഴുതണം എന്ന അന്നയുടെ ആവശ്യം എന്നെ തെല്ലൊന്ന് അത്ഭുതപ്പെടുത്തുകയുണ്ടായി. പക്ഷേ അവളെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ആ അത്ഭുതം വിസ്മയത്തിന് വഴി മാറുകയാണ് ഉണ്ടായത്. മൂന്നാംതരത്തിൽ പഠിക്കുമ്പോൾ മുതൽ കവിതയെ ജീവിതത്തിന്റെ താളമാക്കിയവൾ . നാലിൽ പഠിക്കുമ്പോൾ തന്നെ അവളുടെ ആദ്യ കവിതാ സമാഹാരം പൂമ്പാറ്റ എൻ ചങ്ങാതി പ്രകാശിതമായി. ഇപ്പോൾ ഒമ്പതിൽ പഠിക്കുന്ന അന്നയുടെ ആദ്യ കഥാസമാഹാരം കേവല വായനക്കപ്പുറത്ത് ഗൗരവതരമായി സമീപിക്കേണ്ട ഒന്നാണ് അന്നയുടെ എഴുത്തുകൾ എന്നെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
ഒന്നിനൊന്നു വ്യത്യസ്ഥമായ 13 ചെറിയ കഥകളുടെ സമാഹാരമാണ് ‘അയാൾ’ .
അമ്മാവനിൽ തുടങ്ങി അതിജീവിതയിൽ അവസാനിക്കുന്ന ചെറിയ , സുന്ദരമായ കഥാകുറിപ്പുകൾ . ഓരോ കഥയും തെരഞ്ഞെടുത്ത വിഷയത്തിന്റെ വ്യത്യസ്ഥത കൊണ്ടും രൂപീകരിക്കപ്പെടുന്ന കഥാപരിസരങ്ങളാലും തികച്ചും വ്യതിരിക്തമായി നിൽക്കുന്നു. കവി പാടിയ പോലെ’ എവിടെ മിഴിയെത്തുന്നിതവിടെയെല്ലാമുള്ള’ ജീവിത പരിസരങ്ങളെ ചെറിയ വാക്കുകളാൽ വരച്ചിടുന്ന അനുപമമായ എഴുത്തു ശൈലിയാണ് കഥാകാരിക്കുള്ളത്. നന്നേ ചെറിയ പ്രായമായതിനാൽ ജീവിതാനുഭവങ്ങളുടെ അഭാവവും പരന്ന വായന നൽകുന്ന വാക്കുകളുടെ അഗാധതയും അവളുടെ എഴുത്തിന്റെ നൈസർഗികതയ്ക്ക് കോട്ടം വരുത്തുന്നെങ്കിൽ പോലും തനിക്ക് പറയാനുള്ളതത്രയും എഴുതാതെ വയ്യ എന്നൊരു കനൽ അവളുടെ ഉള്ളിലുണ്ട് എന്നത് സന്തോഷം നൽകുന്നു. ഇനിയുള്ള തന്റെ ജീവിതത്തിനൊപ്പം എഴുത്തിനെകൂടി
ചേർത്തുപിടിക്കാൻ അന്ന തീരുമാനിച്ചാൽ ഭാവിയിൽ ഒരു പ്രതിഭയെ നിസംശയം സമ്മാനിക്കാൻ കഴിയും.
അന്നയുടെ കഥകളിലോരോന്നിലൂടെയും കടന്നുപോകുമ്പോൾ പ്രകൃതിയും സ്നേഹവും ആകുലതയും വിങ്ങലും പരിസ്ഥിതിയും മനുഷ്യബന്ധങ്ങളും നിരനിരയായി അനുസ്യൂതം കടന്നുവരുന്നത് കാണാം. അവയൊക്കെ തന്റെ ഹൃദയവിശാലതയിൽ അടുക്കി വച്ച് പതിഞ്ഞ താളത്തിൽ കഥ പറയുമ്പോൾ വായിച്ചിരിക്കാനൊരു സുഖം’ അയാൾ’ നൽകുന്നു എന്നത് തർക്കമറ്റ സത്യമാണ്. വായിക്കുമ്പോൾ ഒരൊമ്പൊതാം
ക്ലാസുകാരിയാണ് എഴുതിയത് എന്ന് നാം മറക്കുകയും അവിസ്മരണീയമായ ഒരു വായനയിൽ നാം മുഴുകുകയും ചെയ്യുന്നു.
എന്തിനെഴുതണം എന്ന ചോദ്യം ചുറ്റിൽ നിന്നുമുയരുമ്പോൾ എഴുതാതെ വയ്യ എന്ന അന്നയുടെ നിശബ്ദപ്രഖ്യാപനം മുന്നോട്ടുവയ്ക്കുന്ന തുല്യതയുടെ ഒരു സന്ദേശമുണ്ട്. അതിനോട് നിരുപാധികം ഐക്യപ്പെടുക എന്നത് മാത്രമാണ് മനുഷ്യൻ എന്ന നിലയിൽ എനിക്ക് ചെയാൻ കഴിയുന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് , എഴുത്തു വഴികളിൽ സൗഖ്യം നേർന്നുകൊണ്ട്’ ‘ അയാൾ’ നിങ്ങളുടെ ആദ്യാവസാന വായനക്കായി സന്തോഷത്തോടെ സമർപിക്കുന്നു
സ്നേഹത്തോടെ
വി.വിജയകുമാർ, സെക്രട്ടറി, എഴുത്തുകാരൻ,
താലൂക്ക് ലൈബ്രറി കൗൺസിൽ, കരുനാഗപ്പള്ളി.




